ഐതിഹ്യം, ശ്രീ വിഷ്ണുമായ

ശിവ ഭഗവാനും കൂളിവാകയായി മാറിയ പാർവ്വതി ദേവിക്കും ജനിച്ച ദിവ്യപുത്രനാണ് ശ്രീ വിഷ്ണുമായ സ്വാമി. ശാസ്താവിനും മുരുകനും വിഘ്നേശ്വരനും തുല്യനായ വിഷ്ണുമായ സ്വാമി പക്ഷേ പരക്കെ ആരാധിക്കപ്പെടുന്ന ഒരു ദൈവമല്ല. പകരം പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാനായി പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ഭക്തരാണ് വിഷ്ണുമായ സ്വാമിയുടേത്. എളുപ്പം പ്രസാദിക്കുന്നതും സഹാനുഭൂതിയുള്ളവനുമായ ഈ ദൈവം തന്റെ ഭക്തജനങ്ങൾക്ക് എന്നും പ്രിയങ്കരനാണ്.

ഐതിഹ്യം അനുസരിച്ച് ഒരിക്കൽ പള്ളിവേട്ടക്കിറങ്ങിയ ശിവ ഭഗവാൻ കൂളിവനത്തിൽ വച്ച് വനവാസിയും അതീവ സുന്ദരിയുമായ കൂളിവാകയെ കാണാൻ ഇടയായി. അവളുടെ ഉദരത്തിൽ തന്റെ കുഞ്ഞിന് വളരാൻ ഒരു അവസരം ഒരുക്കാൻ ഭഗവാൻ ആഗ്രഹിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഭഗവാൻ തന്റെ ഇംഗിതം ഉടനെ തന്നെ അവളോട് തുറന്ന് പറയുകയും താൻ വേട്ടക്ക് പോയി മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാനും പറഞ്ഞു.

വനത്തിൽ വച്ച് ഭഗവാൻ കാണാനിടയായ കൂളിവാക മുജ്ജന്മത്തിൽ പാർവ്വതി ദേവിയുടെ ദാസിയായ മനസ്വിനി ആയിരുന്നു. ദാസിയായിരുന്ന മനസ്വിനി കുഞ്ഞായിരുന്ന ഗണപതിക്ക് മുലയൂട്ടാൻ ശ്രമിച്ചതിന് പാർവ്വതി ദേവി കൊടുത്ത ശാപമാണ് അടുത്ത ജന്മത്തിൽ ഒരു ചണ്ടാള കുടുംബത്തിൽ ജനിക്കട്ടെ എന്നത്. കോപം ശമിച്ചതിനു ശേഷം അടുത്ത ജന്മത്തിൽ ശിവ ഭഗവാന്റെ കുഞ്ഞിനെ വളർത്താനുള്ള അവസരം ലഭിക്കട്ടെ എന്ന അനുഗ്രഹിക്കുകയും ചെയ്തു. മുജ്ജന്മത്തിൽ ഉണ്ടായ ഈ ശാപമാണ് ഇപ്പോൾ ശിവ ഭഗവാന് കൂളിവാകയോട് തോന്നിയ പ്രണയത്തിന്റെ കാരണമെന്ന് ദേവി വെളിപ്പെടുത്തി. തുടർന്ന് കൂളിവാകയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പാർവ്വതി ദേവി തന്നെ രൂപം മാറി ശിവഭഗവാനെ പ്രാപിക്കുകയും ദിവ്യശക്തികളുള്ള ഒരു കുഞ്ഞ് ഭൂജാതനാകുകയും ചെയ്തു. ശിവനും പാർവ്വതിയും ചേർന്ന് കുഞ്ഞിനെ കൂളിവാകയുടെ കയ്യിൽ വളർത്താനേൽപിക്കുകയുണ്ടായി. കുഞ്ഞ് ജലന്ധരനെന്ന ക്രൂരനായ അസുരന്റെ അന്തകനാകുമെന്നും ദേവി അറിയിച്ചു.

കൂളിവാകയോടൊപ്പം വർഷങ്ങൾ ജീവിച്ച ശേഷം പക്വത പ്രാപിച്ചപ്പോൾ കുമാരൻ തന്റെ ശരിയായ മാതാപിതാക്കളെ കുറിച്ചറിയുകയുണ്ടായി. തുടർന്ന് തന്റെ പ്രിയ വാഹനമായ പോത്തിൻ മുകളിൽ ഈഴാറയും മുഴക്കി ശിവനന്ദൻ അവരെക്കാണാൻ യാത്രയായി. മുൻപരിചയമില്ലാത്ത കുട്ടിക്ക് കൈലാസത്തിലേക്ക് പ്രവേശനം നിഷേധിച്ചപ്പോൾ അകത്ത് കയറാൻ കുമാരൻ വിഷ്ണു ഭഗവാന്റെ രൂപം പ്രാപിക്കുകയുണ്ടായി. അങ്ങനെയാണ് ' വിഷ്ണുമായ' എന്ന പേരിൽ ഈ ദേവൻ അറിയപ്പെട്ടു തുടങ്ങിയത്.


കൂളിവാക ദേവി

പണ്ടൊരിക്കല്‍ നായാട്ടിനിറങ്ങിയ കൈലാസനാഥന്‍ വനത്തിനുള്ളില്‍ നിന്ന് ഗന്ധര്‍വ കിന്നര സാന്നിദ്ധ്യമുള്ള ഒരു ഗാനം കേള്‍ക്കുകയും,ആ ഗാനത്തിന്‍റെ ഉറവിടം ഒരു വേടത്തരുണിയായ 'കുളിവാക' എന്ന സുന്ദരി ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയും,അവളില്‍ കാമ പരവശനായി തീരുകയും ചെയ്തുവത്രേ. മാരവൈരി ആയ ശങ്കരന്‍ തന്‍റെ ഇംഗിതം കുളിവാകയോട് പറഞ്ഞിട്ട് തിരികെ വരുന്ന സമയം അറിയിച്ച് നായാട്ടിനു പോയി.ഈ സമയത്ത്, പാര്‍വതീ ഭക്തയായ കുളിവാക ദേവിയെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി,തന്‍റെ വിഷമാവസ്ഥ അറിയിച്ചു. പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന് ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍ അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ യാത്രയാക്കിയത്രെ. അനന്തരം മായാ കുളിവാകയായ ഉമയ്ക്ക്‌ മഹേശ്വരനില്‍ ജനിച്ച ശിശുവിന് നല്ലൊരു പോത്തിന്‍ കുട്ടിയെ കാവലാക്കി കൈലാസത്തില്‍ എത്തിയ മഹാദേവന്‍,ആ കുട്ടിയെ അനുഗ്രഹിച്ച് കുളിവാകയെ ഏല്‍പ്പിക്കാന്‍ പാര്‍വതിയോട് അരുള്‍ ചെയ്തു. അപ്രകാരം കുളിവനത്തിലെത്തിയ ദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്ത് കുളിവാകയെ ഏല്‍പ്പിച്ചു.


മുത്തപ്പൻ

വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള തെയ്യംകളിയാട്ടത്തോട് സാമ്യതയുള്ള പ്രതിഷ്ഠയാണ് മുത്തപ്പൻ. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദദൈവ സങ്കല്പങ്ങളുടെ ഏകമൂർത്തീഭാവമാണ് മുത്തപ്പൻ എന്ന് വിശ്വസിക്കപ്പെടുന്നു. ഏകബിംബമായാണ് ആരാധിക്കപ്പെടുന്നതെങ്കിലും മുത്തപ്പൻ മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും ഏകീകരമാണ്.

മുത്തപ്പന്റെ ഐതിഹ്യം ഇങ്ങനെയാണ്. അയ്യങ്കര ഇല്ലത്തെ വാഴുന്നവർ എന്ന ഒരു നാടുവാഴിക്ക് കുട്ടികളില്ലാത്തതിന്റെ ദുഃഖം ഏറെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അന്തർജ്ജനം ഒരിക്കൽ സന്താനലബ്ധിക്കായി ശിവഭഗവാന് വഴിപാട് നേരുകയും തുടർന്ന് മഹാദേവനെ സ്വപ്നത്തിൽ ദർശിക്കുകയുമുണ്ടായി. പിറ്റേ ദിവസം തന്നെ അന്തർജ്ജനം അടുത്തുള്ള പുഴയിൽ നിന്നും കുളിച്ചു കയറി വരുന്ന വഴി ഒരു കൊച്ചു കുഞ്ഞിനെ പൂമെത്തയിൽ കിടത്തിയ നിലയിൽ കണ്ടു. അവർ കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോവുകയും വാഴുന്നവരുമൊന്നിച്ച് ആ കുഞ്ഞിനെ സ്വന്തം മകനെപ്പോലെ വളർത്തുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ വേട്ടയാടാനും ശേഖരിക്കുന്ന പദാർത്ഥങ്ങൾ അവിടെ തൊഴിലെടുക്കുന്ന താഴെക്കിടയിലുള്ള ജനങ്ങൾക്ക് നൽകാനും കുമാരന് ഏറെ പ്രിയമായിരുന്നു. നമ്പൂതിരി പാരമ്പര്യത്തെ ധിക്കരിച്ചുകൊണ്ടുള്ള കുമാരന്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ അയ്യങ്കര വാഴുന്നവരെ ഏറെ വേദനിപ്പിച്ചു. മാതാപിതാക്കൾ ഏറെ അപേക്ഷിച്ചിട്ടും കുമാരൻ അതെല്ലാം കേട്ടില്ലെന്ന് നടിച്ചു.

ഒടുവിൽ അയ്യങ്കര വാഴുന്നവർക്ക് കുമാരനെ ശാസിക്കേണ്ടി വന്നു. അപ്പോളാണ് കുമാരൻ തന്റെ വിശ്വരൂപം അവർക്കുമുന്നിൽ വെളിപ്പെടുത്തിയത്. അതോടുകൂടി കുമാരൻ ഒരു സാധാരണ കുട്ടിയല്ലെന്നും ദൈവത്തിന്റെ പ്രതിരൂപമാണെന്നും മനസ്സിലാക്കിയ വാഴുന്നവരും അന്തർജ്ജനവും തങ്ങളെത്തന്നെ കുമാരന് മുന്നിൽ സമർപ്പിച്ചു. ശേഷം കുമാരൻ അയ്യങ്കരയിൽ നിന്നും ഒരു യാത്ര തുടങ്ങി. കുന്നത്തൂർ എന്നൊരിടത്ത് എത്തിയ കുമാരൻ അവിടുത്തെ പ്രകൃതിഭംഗിയാൽ വശീകരിക്കപ്പെടുകയുണ്ടായി. മാത്രമല്ല അന്നാട്ടിലെ കള്ളു ചെത്തുന്ന പനകളും കുമാരനെ ഹഠാദാകർഷിച്ചു. അങ്ങനെയിരിക്കെയാണ് തന്റെ പനകളിലെ കള്ളു മോഷണം പോകുന്നത് അന്നാട്ടിലെ കള്ളു ചെത്തുകാരനായ ചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നതും പനകൾക്ക് കാവലിരിക്കാൻ ചന്ദ്രൻ തീരുമാനിക്കുന്നതും.

അന്ന് രാത്രി തന്നെ പ്രായമായൊരു മനുഷ്യൻ തന്റെ കള്ളു മോഷ്ടിക്കുന്നത് ചന്ദ്രൻ കയ്യോടെ പിടികൂടി. കോപാകുലനായ ചന്ദ്രൻ വൃദ്ധന് നേർക്ക് അമ്പു കുലച്ചെങ്കിലും ഒരമ്പു പോലും പായിക്കുന്നതിനു മുൻപ് ബോധം മറഞ്ഞു താഴെ വീഴുകയുണ്ടായി. ചന്ദ്രനെ തിരക്കി വന്ന ഭാര്യ പനയുടെ ചുവട്ടിൽ ബോധക്ഷയനായി കിടക്കുന്ന ചന്ദ്രനെ കണ്ട് ഉറക്കെ കരഞ്ഞു. മുകളിലേക്ക് നോക്കിയ ചന്ദ്രന്റെ ഭാര്യ കണ്ടത് വൃദ്ധന്റെ രൂപത്തിൽ കള്ളു കുടിക്കാനെത്തിയ കുമാരനെയാണ്. കണ്ട നിമിഷം അവർ മുത്തപ്പനെന്ന് വിളിച്ചു കരയുകയും തന്റെ ഭർത്താവിനെ രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്തു. അധികം വൈകാതെ ചന്ദ്രന് ബോധം വീഴുകയുണ്ടായി. അന്ന് മുതൽ മുത്തപ്പൻ നാടിൻറെ പ്രിയപ്പെട്ട ദൈവങ്ങളിലൊന്നാണ്.


കരിങ്കുട്ടി

ഒരിക്കൽ പള്ളിവേട്ടക്കിറങ്ങിയ ശിവഭഗവാൻ കൂളിവനത്തിൽ വച്ച് അതിസുന്ദരിയായൊരു വനവാസി യുവതിയെ കണ്ടുമുട്ടുകയും കണ്ട മാത്രയിൽ തന്നെ അവളുടെ സൗന്ദര്യത്തിൽ ഭഗവാൻ ആകൃഷ്ടനാവുകയും ചെയ്തു. ശിവഭഗവാൻ അപ്പോൾ തന്നെ തന്റെ ആഗ്രഹം അവളെ അറിയിക്കുകയും ഭഗവാന്റെ കുഞ്ഞിനെ ഉദരത്തിൽ സ്വീകരിക്കാൻ തയ്യാറായിരിക്കാൻ പറയുകയും ചെയ്തു. ഗോത്രനിയമങ്ങൾക്ക് എതിരായ ഇത്തരമൊരു കാര്യം ചെയ്യാൻ കൂളിവാക ഭയന്നു.

7 ദിവസങ്ങൾക്ക് ശേഷം ശിവഭഗവാൻ മടങ്ങിയെത്തുകയും തന്റെ വിശുദ്ധശുക്ലം നിറച്ചൊരു പഴം കൂളിവാകയെക്കൊണ്ട് കഴിപ്പിക്കുകയും അങ്ങനെ അവൾ ഗർഭം ധരിക്കുകയും ചെയ്തു. അവളുടെ ഗർഭകാലത്ത് ഗോത്രത്തിലുള്ളവർ അവളുടെ സദാചാരമര്യാദകളെ ചോദ്യം ചെയ്തു. അവൾക്ക് ഒരാൺകുട്ടി പിറന്നതോടെ കൂളിവാകയുടെ പിതാവ് അവളെ വീട്ടിൽ നിന്നും പുറത്താക്കി. ജീവിതം മടുത്ത കൂളിവാക കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചു. കുഞ്ഞിനെ ചേമ്പിലയിൽ കിടത്തി വെള്ളത്തിൽ ഉപേക്ഷിക്കവേ പൊടുന്നനെ ആ കുഞ്ഞിനെ പോലെത്തന്നെ 399 കുട്ടിച്ചാത്തന്മാർ പിറന്നു.

കൂളിവാക 400 ചാത്തന്മാരെയും ഒരു കൂടയിലാക്കി വീട്ടിലെത്തിയത് പിതാവിനെ ചൊടിപ്പിച്ചു. മറ്റു വഴികളില്ലാതെ കൂളിവാക ഒരു വീപ്പക്ക് തീയിട്ട് ചാത്തന്മാരെ അതിനുള്ളിലിട്ടു. തീയിൽ നിന്നും അതിവേഗം പുറത്തു കടന്ന ചാത്തനാണ് വിഷ്ണുമായ. മറ്റെല്ലാം കുട്ടിച്ചാത്തന്മാരും. വീപ്പയുടെ ഏറ്റവും അടിയിലുണ്ടായിരുന്ന ചാത്തനാണ് കരിങ്കുട്ടി.


നാഗദേവതകൾ

ദൈവീക ശക്തിയുള്ള സർപ്പങ്ങൾ സൗന്ദര്യത്തിനും ശക്തിക്കും അഭൗമമായ ദിവ്യശക്തികൾക്കും പേര് കേട്ടവരാണ്. നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം തുടങ്ങിയ ദേവതകളെയാണ് വടക്കുംപുറം ദേവസ്ഥാനത്ത് ആരാധിക്കുന്നത്. നാഗിണികൾ മനുഷ്യരൂപമെടുത്ത് ഭൂമിയിലെ മനുഷ്യരെ വിവാഹം ചെയ്തതിലൂടെ രൂപം കൊണ്ടതാണ് ഇന്ത്യയിലെ ചില രാജവംശങ്ങൾ എന്ന വിശ്വസിക്കപ്പെടുന്നു.

ഐതിഹ്യപ്രകാരം ബ്രഹ്മാവിന്റെ പേരക്കുട്ടി കദ്രുവിനും ഭർത്താവ് കശ്യപനും ജനിച്ച കുഞ്ഞുങ്ങളാണ് നാഗങ്ങൾ. ഭൂമിയിൽ ജീവിച്ചിരുന്ന നാഗങ്ങൾക്ക് എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സമുദ്രത്തിലേക്ക് മാറേണ്ടി വന്നു. പാതാളത്തിലും തടാകങ്ങളുടെയും നദികളുടെയും അടിയിലും രത്നം പതിച്ച കൊട്ടാരങ്ങളിൽ അവർ രാജാക്കന്മാരായി വസിക്കുന്നു. നാഗങ്ങളിൽ ചിലർ അപകടകാരികളാണ്. എന്നാൽ മറ്റു ചിലർ മനുഷ്യരോട് സൗഹാർദം പുലർത്തുന്നു. അത്തരം നാഗദേവതകളെ ദൈവങ്ങളായി ആരാധിക്കുന്നു. നിധികേന്ദ്രങ്ങളുടെ സംരക്ഷകരായാണ് നാഗങ്ങളേപ്പറ്റിയുള്ള വിശ്വാസം. അവർ ഭൗതീക സമ്പത്തിനും ആത്മീയ സമ്പത്തിനും കാവലാകുന്നു. സ്ത്രീകളുടെ സന്താനോല്പാദന ശേഷിയിലും നാഗദേവതകൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു.


ബ്രഹ്മ രക്ഷസ്സ്

അറിവ് ദുരുപയോഗം ചെയ്ത കുറ്റത്തിന് മരണശേഷം രക്ഷസ്സായി അലയാൻ ശാപം കിട്ടിയ ഒരു ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മ രക്ഷസ്സ്. ഉയർന്ന നിലയിൽ ജനിച്ചയാളാണെങ്കിലും തിന്മ നിറഞ്ഞയാളായിരുന്നു ഈ ബ്രാഹ്മണൻ. ബ്രാഹ്മണ പണ്ഡിതനാകയാൽ മറ്റുള്ളവർക്ക് അറിവ് പകരുക എന്നത് അയാളുടെ കടമയാണ്. അങ്ങനെ ചെയ്യാത്ത പക്ഷം പൈശാചികനായൊരു ബ്രഹ്മ രക്ഷസ്സ് ആയിമാറുന്നു. ബ്രഹ്മം എന്നാൽ ബ്രാഹ്മണ്യം എന്നും രക്ഷസ്സ് എന്നാൽ പിശാച് എന്നുമാണർത്ഥം. ഹിന്ദു മതഗ്രന്ഥങ്ങൾ പ്രകാരം ഒരുപാട് ദുഷ്ടശക്തികളുള്ള പിശാചാണ് ബ്രഹ്മ രക്ഷസ്സ്. ഈ ലോകത്ത് വളരെ കുറച്ചു ശക്തികൾക്ക് മാത്രമേ അവയെ എതിർക്കാനും അതിലൂടെ ശാപമോക്ഷം നൽകുവാനുമാകൂ. മുജ്ജന്മങ്ങളെക്കുറിച്ചും വേദപുരാണങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ളവരും അതേ സമയം മനുഷ്യരെ ഭക്ഷിക്കുന്നവരുമാണിവർ. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരുടെയും പിശാചുക്കളുടെയും സ്വഭാവം ഇവരിലുണ്ട്.


ഭുവനേശ്വരി ദേവി

തന്ത്രശാസ്ത്രമനുസരിച്ച് നാലാമത്തെ പരാശക്തിയാണ് ഭുവനേശ്വരീ ദേവി. കാലം എന്ന സങ്കല്പമാണ് ദേവി പ്രതിനിധീകരിക്കുന്നത്. കാലത്തിനു തന്നെ വിവിധ മാനങ്ങളുണ്ട്. ഭൗതികലോകത്തെ കാലം, ആത്മീയ ലോകത്തെ കാലം എന്നിങ്ങനെ. അതിന് തന്നെ പ്രപഞ്ചത്തിലാകെയും നമ്മുടെ വിചാരങ്ങളുടെ കടന്നു ചെല്ലാനാകാത്ത ലോകത്തും പല തലങ്ങളാണുള്ളത്. ശരീരത്തിലാകട്ടെ നമ്മുടെ ഹൃദയത്തിലാണ് അനന്തമായ പ്രപഞ്ചം നിലനിൽക്കുന്നത്. അവിടെയാണ് ദേവി വസിക്കുന്നതും. നമ്മുടെ ദുരിതങ്ങളും വിഷമതകളും അകറ്റാൻ നമ്മൾ ആശ്രയിക്കുന്നതും നാം നിർമ്മിച്ചെടുക്കുന്ന ഈ കാലസങ്കല്പമാണ്.

ചിലയിടങ്ങളിൽ കാളീസങ്കല്പമായി ഭുവനേശ്വരിയെ ആരാധിക്കുന്നുണ്ട്. സമയവും കാലവും എന്ന പോലെ കാളിയും ഭുവനേശ്വരിയും അത്രമാത്രം അടുത്ത് നിൽക്കുന്ന സങ്കല്പങ്ങളായതിനാലാണത്. ഈ രണ്ട് പരാശക്തികളുടെ കൂടിച്ചേരലിലാണ് നിർമ്മിതികൾ സാധ്യമാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചനടനത്തിന്റെ സമയക്രമങ്ങൾ കാളി നിയന്ത്രിക്കുന്നു. നടനത്തിനുള്ള കാലം ഭുവനേശ്വരിയാൽ ഒരുക്കപ്പെടുന്നു.

ഓംകാരത്തോളം തന്നെ ശക്തമായ 'ഹ്രീം' എന്ന മന്ത്രമാണ് ദേവിയുടേത്. ഹ്രീംകാരം നമ്മുടെ ഹൃദയങ്ങളെ അനന്തമായ ബോധമണ്ഡലവുമായി ബന്ധിപ്പിക്കുന്നു. ശക്തി പ്രണവവും ഹ്രീംകാരമായി അറിയപ്പെടുന്നുണ്ട്. സൗഭാഗ്യ ലക്ഷ്മി, ഭാവനോപനിഷത്, ശ്രീ സൂക്തം തുടങ്ങിയ പല ഉപനിഷത്തുകളിലും ഹ്രീംകാരത്തിന്റെ സാന്നിധ്യം കാണാം. ലളിതാ ത്രിശതിയിൽ 29 ഇടങ്ങളിലാണ് ദേവിയെ വർണ്ണിക്കാൻ ഹ്രീംകാരം പ്രയോഗിച്ചിരിക്കുന്നത്. ഭുവനേശ്വരി ദേവി ശിവ ഭഗവാനാലും വിഷ്ണുദേവനാലും ബ്രഹ്മാവിനാലും ആരാധിക്കപ്പെടുന്നു. ഭക്തരുടെ സന്തോഷത്തിനായി എപ്പോളും പ്രസന്നവദനയായി പ്രത്യക്ഷ്യയാവുന്ന ദേവിക്ക് കൈകൾ നാലാണ്. അനുഗ്രഹാശിസ്സുകളേകാൻ രണ്ടു കൈകൾ. മറ്റു രണ്ടു കൈകളിൽ പാശവും അങ്കുശവുമേന്തിയിരിക്കുന്നു. മനോഹരമായ ഉടയാടകളണിഞ്ഞവളും ആഭരണവിഭൂഷിതയുമായ ദേവിയെ വേദങ്ങൾ വിശേഷിപ്പിക്കുന്നത് ആയിരം സൂര്യന്മാരേക്കാൾ പ്രകാശമുള്ളവളും ചന്ദ്രക്കല കിരീടത്തിലണിഞ്ഞവളുമായാണ്. ആയിരം സൂര്യന്മാരുടെ പ്രകാശമുള്ളവൾ, തത്തയുടെയും മയിലിന്റെയും സൗന്ദര്യമുള്ളവൾ, പൂവിനുള്ളിലെ തേൻ, രത്നങ്ങളിൽ മാണിക്യം, നദികളിൽ ഗംഗ തുടങ്ങി വിശേഷണങ്ങൾ അനവധിയാണ് ദേവിക്ക്. സ്വയം ചിന്താമണ്ഡലത്തിൽ ഒരുക്കിയെടുത്ത മണിദ്വീപത്തിലാണ് ദേവി വസിക്കുന്നത്. ഉള്ളിൽ സ്വർണ്ണം, ഇന്ദ്രനീലം, പവിഴം, പുഷ്യരാഗം, മുത്ത്, മരതകം തുടങ്ങിയവ പതിച്ച മനോഹരങ്ങളായ കൊട്ടാരങ്ങളുള്ള മണിദ്വീപം സംരക്ഷിക്കുന്നത് അഗ്നി, ഇന്ദിര, കുബേരൻ, വായു തുടങ്ങിയ എട്ട് ദേവന്മാർ ചേർന്നാണ്.