വടക്കുംപുറം ഭഗവതി (ഭദ്രകാളി)
പ്രപഞ്ചശക്തിയായ ശക്തിദേവിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി. ലോകത്തിൽ ധർമ്മം നിലനിർത്തുന്നതിനായി ദാരികാസുരനെ വധിക്കാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും പിറവി കൊണ്ട അവതാരമാണ് ശ്രീ ഭദ്രകാളി. അധർമ്മം പ്രവർത്തിക്കുന്നവർക്ക് ഉഗ്രമൂർത്തിയും ദയയില്ലാത്തവളുമാണ് ദേവി. ധർമ്മം പുലർത്തുന്നവർക്കാകട്ടെ ദുഷ്ടശക്തികളിൽ നിന്നും എന്നും സംരക്ഷിക്കുന്ന അമ്മയും. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിലെ പ്രധാന പ്രതിഷ്ഠകളിലൊന്നാണ് ശ്രീ ഭദ്രകാളി. ഇവിടെ ദേവി വടക്കുംപുറം ഭഗവതി എന്ന പേരിൽ പൂജിക്കപ്പെടുന്നു.
ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരോട് തോറ്റ അസുരന്മാർക്ക് പാതാളത്തിലേക്ക് മടങ്ങേണ്ടതായി വന്നു. അക്കൂട്ടത്തിലെ രണ്ട് അസുരസ്ത്രീകൾ ഉഗ്രതപസ്സിലൂടെ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും രണ്ട് ശക്തന്മാരായ പുത്രരെ ലഭിക്കാൻ അനുഗ്രഹം വാങ്ങുകയും ചെയ്തു. കാലങ്ങൾക്ക് ശേഷം അവർക്ക് ദാനവേന്ദ്രൻ, ദാരികൻ എന്നിങ്ങനെ രണ്ട് പുത്രന്മാർ ജനിച്ചു. അവർ പിന്നീട് ഉഗ്രതപസ്സിലൂടെ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. അവർ നേടിയ അനുഗ്രഹം അതിശക്തമായിരുന്നു. അതിൻപ്രകാരം ആണുങ്ങൾക്കോ ദൈവങ്ങൾക്കോ പിശാചുക്കൾക്കോ അവരെ കൊല്ലാൻ കഴിയില്ല.
വരം അവിടെയും നിന്നില്ല. ആയിരം ആനകളുടെ ശക്തി ആയിരുന്നു അവർ പിന്നീട് ആവശ്യപ്പെട്ടത്. ഈ ശക്തികളെല്ലാം ഉപയോഗിച്ച് അവർ വീണ്ടും ദേവകളുമായി യുദ്ധം ചെയ്യുകയും ദേവന്മാർക്ക് സ്വർഗ്ഗം ഉപേക്ഷിച്ച് പോകേണ്ടതായും വന്നു. ദുരിതത്തിലായ ദേവന്മാർ നാരദമുനിയോട് സഹായം ആവശ്യപ്പെട്ടു. നാരദമുനി നേരെ ചെന്ന് ശിവഭഗവാനെ കാണുകയും അസുരന്മാരുടെ അധർമ്മ പ്രവൃത്തികൾ അവസാനിപ്പിക്കാൻ സഹായമാവശ്യപ്പെടുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ ഭഗവാൻ തന്റെ മൂന്നാം തൃക്കണ്ണ് തുറക്കുകയും അതിൽ നിന്നും ഭദ്രകാളി പിറവി കൊള്ളുകയും ചെയ്തു. ശക്തിദേവിയുടെ ഇത്തരം ഒരവതാരം സങ്കൽപ്പങ്ങൾക്ക് അതീതമായിരുന്നു. ദേവന്മാരോ അസുരന്മാരോ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഘോരരൂപം പൂണ്ട ദേവി ആയിരുന്നു ഭദ്രകാളി.
തിളങ്ങുന്ന കറുപ്പ് നിറമായിരുന്നു ദേവിയുടെ ശരീരം. കത്തി ജ്വലിക്കുന്ന മൂന്ന് കണ്ണുകളും ഗുഹ കണക്കൊരു വായയും അതിൽ നിന്നും പുറത്തേക്കുന്തി നിൽക്കുന്ന നീളമുള്ള രണ്ട് മൂർച്ചയുള്ള ദംഷ്ട്രകളുമുണ്ടായിരുന്നു. അടക്കമറ്റ കറുത്ത മുടി കുത്തിയൊലിക്കുന്ന പുഴ പോലെ കിടന്നു. എണ്ണമറ്റ കരങ്ങളും അവയിലെല്ലാം പ്രത്യേകം പലതരം ആയുധങ്ങങ്ങളും ഉണ്ടായിരുന്നു. തുറിച്ച കണ്ണുകളും നീണ്ടു കിടക്കുന്ന നാവുമുള്ള ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റുമായിരുന്നില്ല. ദേവിയുടെ ശക്തികളുമായി അസുരന്മാരുടെ പട താരതമ്യം ചെയ്യാൻ പോലും പറ്റില്ലായിരുന്നു. അവരെയെല്ലാം ഒരു നിമിഷാർദ്ധത്തിൽ ദേവി വധിച്ചു, ഒപ്പം ദാനവേന്ദ്രനെയും. ഒടുവിൽ ഭദ്രകാളി ദാരികന്റെ അഥവാ അധർമ്മത്തിന്റെ തലയരിഞ്ഞു!